കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി, 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു. ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ, എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കൽ എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തെ ഒന്നാമതെത്തിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ. മറ്റ് മേഖലകളിലും കേരളം ഒട്ടും മോശമാക്കിയില്ല.
സംസ്ഥാനത്ത് നിലവിലുള്ള ബിസിനസുകളെക്കുറിച്ച് സംരംഭകരോട് ഫീഡ്‌ബാക്ക് തേടിയതിൽ നിന്നാണ് ഈ ഒമ്പത് പരിഷ്‌കരണ മേഖലകളിൽ 95 ശതമാനത്തിലധികം പോസിറ്റീവ് പ്രതികരണങ്ങൾ കേരളത്തിന് ലഭിച്ചത്. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും.
30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകുന്നു.