കൊല്ലം ജില്ലയിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത പോയിട്ടില്ലാത്ത ഒരു അതിമനോഹരമായ സ്വകാര്യ വെള്ളച്ചാട്ടം ആണ് വെഞ്ചർ വാട്ടർഫാൾസ് അഥവാ വെഞ്ചർ വെള്ളച്ചാട്ടം. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, തെന്മല കഴിഞ്ഞിട്ട് ആര്യങ്കാവ് പോകുന്ന വഴിയിൽ കഴുതുരുട്ടി റെയിൽവേ സ്റ്റേഷന് സമീപം ആണ് ഈ മനോഹരമായ സ്ഥലം നിലനിൽക്കുന്നത്. ഒരു സ്വകാര്യ പൈനാപ്പിൾ തോട്ടത്തിന്റെ നടുക്കാണ് ഈ വെള്ളച്ചാട്ടം നിൽക്കുന്നത്. രണ്ട് തട്ടുകളായി പതഞ്ഞൊഴുകുന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ച തന്നെയാണ് കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി കുളിക്കാൻ ഉള്ള സൗകര്യം ഇവിടെ ചെയ്തിട്ടുണ്ട്.
രണ്ടുതട്ടുകളിലുമായി കുളിക്കുവാൻ ഉള്ള സൗകര്യം ചെയ്തിട്ടുണ്ട്, എന്നാൽ കുട്ടികൾക്കും സ്ത്രീകൾക്കും ഏറ്റവും താഴെ തന്നെ നിന്ന് കുളിക്കുന്നതായിരിക്കും സൗകര്യം. മുകളിലത്തെ തട്ടിലേക്ക് പോകുന്നതിന് കുറച്ചു ബുദ്ധിമുട്ടുള്ളതിനാൽ മുതിർന്നവർ മുകളിലത്തെ തട്ടിൽ പോകുന്നതായിരിക്കും നല്ലത്. മറ്റു വെള്ളച്ചാട്ടങ്ങൾ അപേക്ഷിച്ചു താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ് വെഞ്ചർ വെള്ളച്ചാട്ടം. മുതിർന്നവർക്ക് ₹100 ടിക്കറ്റെടുത്തും കുട്ടികൾക്ക് സൗജന്യമായും ഈ വെള്ളച്ചാട്ടത്തിലേക്ക് പോകാവുന്നതാണ്. സ്വകാര്യ പൈനാപ്പിൾ എസ്റ്റേറ്റ് നടക്ക് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം മനോഹരമായി തന്നെ പരിപാലിച്ചിരിക്കുന്നത് കൊണ്ട് ഇപ്പോഴും കണ്ണുകൾക്ക് കുളിർമയേകുന്ന ഒരു കാഴ്ചയായി തന്നെ നിലനിൽക്കുന്നുണ്ട്.