വരുന്നു പുതിയ പാമ്പൻ പാലം

പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കുന്നതിന് മുന്നോടിയായി ഉള്ള സുരക്ഷാ പരിശോധനകൾ നവംബർ 13 14 തീയതികളിൽ നടക്കുന്നു. റെയിൽവേയുടെ സതേൺ സർക്കിളിന്റെ പൂർണ്ണ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ പരിശോധനകൾ നടത്തുക. സിവിൽ ഏവിയേഷൻ മിനിസ്ട്രിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് റെയിൽവേയുടെ സേഫ്റ്റി കമ്മീഷണർ. പാലം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി മോട്ടോർ ട്രോളിയിലുള്ള ഇൻസ്പെക്ഷനും, ഇൻസ്പെക്ഷൻ സ്പെഷ്യൽ റേക്ക് ഉപയോഗിച്ചുള്ള സ്പീഡ് ട്രയലും നടക്കും. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥൻ പുതിയ പാലത്തിന് സർട്ടിഫിക്കേഷൻ നൽകുന്നതോടെ പാലം ഉദ്ഘാടനത്തിന് സജ്ജമാകും. പുതിയ പാലം വരുന്നതോടെ രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം വീണ്ടും സജീവമാകും. നവംബർ മാസം അവസാനത്തോടുകൂടി പാലം ഗതാഗത്തിന് തുറന്നുകൊടുക്കും എന്ന് കരുതുന്നു. പാലം തുറന്നു കൊടുക്കുന്നതോടുകൂടി കേരളത്തിൽനിന്ന് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുമെന്ന് അറിയുന്നു, ഒപ്പം പണ്ടേ അനുമതിയായ മംഗലാപുരം രാമേശ്വരം സർവീസും ആരംഭിക്കും എന്ന് വിശ്വസിക്കുന്നു.

                      2022വരെ ട്രെയിൻ സെർവീസുകൾ ഓടിയിരുന്ന പഴയ പാലം കാലപ്പഴക്കം മൂലം ട്രൈനുകളുടെ ഓട്ടം നിർത്തിവെച്ചു. അതേ സമയം അപ്പുറത്ത് പുത്തൻ പാമ്പൻ പാലം ജന്മം കൊള്ളുകയായിരുന്നു. രാമേശ്വരം ഐലന്റിനെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം എന്ന പേരിൽ അറിയപ്പെടുന്നത്. രാംനാട് അഥവാ രാമനാഥപുരം ജില്ലയിലെ രാമനാഥപുരം സ്റ്റേഷനും രാമേശ്വരം സ്റ്റേഷനും ഇടയിലാണ് പാമ്പൻ പാലം സ്ഥിതി ചെയ്യുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മണ്ഡപം റെയിൽവേ സ്റ്റേഷനും പാമ്പൻ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നത്നമ്മുടെ പാമ്പൻ പാലമാണ്. 1914 ഫെബ്രുവരി 24നാണ് ആദ്യമായി പാമ്പൻ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത് 2010ൽ ബാന്ദ്ര വർലി സീ ലിങ്ക് തുറക്കുന്നത് വരെ  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ആയിരുന്നു പാമ്പൻ പാലം. പഴയ പാമ്പൻ പാലത്തിന് നടുവിലായി ഒരു ഡബിൾ ലീഫ് ബാസ്ക്യൂൾ ബ്രിഡ്ജ് ആയിരുന്നു കൊടുത്തിരുന്നത്. ഡബിൾ ലീഫ് ബാസ്ക്യൂൾ ബ്രിഡ്ജ് കപ്പൽ വരുന്ന സമയത്ത് നടുഭാഗത്ത് രണ്ടായി മുറിഞ്ഞു മുകളിലേക്ക് ഉയരുന്ന രീതിയിലായിരുന്നു കപ്പലിന് മാർഗം ഉണ്ടാക്കി കൊടുത്തിരുന്നത്. 1988 വരെ രാമേശ്വരം ഐലന്റിലേക്ക്  പോകുവാനുള്ള ഏക മാർഗ്ഗം ഈ റെയിൽ പാലം ആയിരുന്നു. 1988 ലാണ്  റോഡ് മാർഗ്ഗം രാമേശ്വരത്ത് എത്തുവാൻ ഉള്ള പാലം തുറന്നു കൊടുത്തത്. 1964ലെ സൈക്ലോണും, സുനാമിയും ഒക്കെ പാലത്തിന്റെ ആയുസ്സിനേ കാര്യമായി ബാധിച്ചു. 2020 ലാണ് പുതിയ റെയിൽ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിലവിൽ പുതിയ പാലത്തിൽ വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനം ഉള്ള ബാസ്ക്യൂൾ ബ്രിഡ്ജ് ആണ് നൽകിയിരിക്കുന്നത്. കപ്പൽ വരുമ്പോൾ വെർട്ടിക്കൽ ലിഫ്റ്റ് ഭാഗം മുകളിലേക്ക് ഉയരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബാസ്ക്യൂൾ ബ്രിഡ്ജിന്റെ ഭാഗത്ത് റിജിഡ് ആയിട്ടുള്ള ഓവർ ഹെഡ് കണ്ടക്ടറും, ബാസ്ക്യൂൾ ബ്രിഡ്ജിന് പുറത്ത് പാലത്തിൽ ഫ്ലെക്സിബിൾ ആയിട്ടുള്ള ഓവർ ഹെഡ് കണ്ടക്ടറും ആണ് നൽകിയിരിക്കുന്നത്. ഇന്ത്യയെയും രാമേശ്വരം ഐലന്റിനേയും ബന്ധിപ്പിക്കുന്ന പാമ്പൻ ചാനലിലൂടെ കപ്പലുകളുടെ ഓട്ടം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ബാസ്ക്യൂൾ സംവിധാനമുള്ള ബ്രിഡ്ജ് നൽകിയിരിക്കുന്നത്.

                    രാമേശ്വരത്തേക്കുള്ള വൈദ്യുതീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. പാമ്പൻ പാലത്തിൽ മാത്രമാണ് വൈദ്യുതീകരണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ സർവീസ് ആരംഭിച്ചാലും ഡീസൽ എൻജിനുകൾ തന്നെയായിരിക്കും ട്രെയിനുകൾക്ക് ഉപയോഗിക്കുക. വാളാന്തറവൈ ഉച്ചിപ്പുളി സ്റ്റേഷനുകൾക്ക് ഇടയിലുള്ള ഐ എൻ എസ് പരുന്ത് എന്ന നേവൽ ബേസ് ഉള്ളതിനാൽ അവിടുത്തെ റെയിൽവേ ലൈൻ വഴിതിരിച്ചുവിട്ടു പുതിയ ലൈൻ ഉണ്ടാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ  ഇലക്ട്രിഫിക്കേഷൻ രാമേശ്വരം വരെ പൂർത്തിയാക്കുവാൻ കഴിയുകയുള്ളൂ. നിലവിലുള്ള റെയിൽവേ ലൈനിൽ നേവിയുടെ ഭാഗത്ത് വൈദ്യുതീകരണം നടത്തുവാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് പുതിയ അലൈൻമെന്റ് സാധ്യതകൾ റെയിൽവേ പരിശോധിക്കുന്നത്. റെയിൽവേ ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫണ്ട് നേവിയുടെ ഭാഗത്തുനിന്ന് ലഭിക്കേണ്ടതുമുണ്ട്. അതിനാൽ തന്നെ തുടർന്നും മധുര രാമേശ്വരം, ട്രിച്ചി രാമേശ്വരം റൂട്ടുകളിൽ  ഡീസൽ എൻജിനുകൾ തന്നെ ഉപയോഗിക്കേണ്ടതായി വരും. നിലവിൽ ട്രെയിനുകൾ രാമനാഥപുരം, മണ്ഡപം എന്നീ സ്റ്റേഷൻ വരെയാണ് സർവീസുകൾ നടത്തുന്നത്. ഏതായാലും രണ്ടു വർഷത്തോളം മുടങ്ങിക്കിടന്ന രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം പുനസ്ഥാപിക്കുന്നു എന്നത് ടൂറിസം മേഖലയ്ക്കും കൂടുതൽ സഹായകരമാകുന്ന ഒരു മാറ്റമാണ്. 

                     അതേപോലെ രാമേശ്വരം സ്റ്റേഷനിൽ അമൃത് ഭാരത് റീ ഡെവലപ്മെന്റ്  സംബന്ധിച്ച പ്രവർത്തികൾ പുരോഗമിക്കുന്നതേയുള്ളൂ. പ്ലാറ്റ്ഫോമുകളുടെയും മറ്റും നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തെ സംബന്ധിച്ച് രണ്ട് പുതിയ ട്രെയിൻ സർവീസുകൾ രാമേശ്വരത്തേക്ക് ലഭിക്കുന്നു എന്നത് ഗുണകരമായ ഒരു മാറ്റമാണ്. 

Leave a Reply

Your email address will not be published. Required fields are marked *