അതിവേഗം അതിജീവനത്തിലേക്ക് നമ്മുടെ കെൽട്രോൺ

L&Tയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടി.
കെൽട്രോൺ വികസിപ്പിച്ച ഇൻറലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ കരസ്ഥമാക്കി. പദ്ധതിയുടെ മൊത്തം മൂല്യം 197 കോടി രൂപയാണ്.
കേരളത്തിൽ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോൺ സ്ഥാപിച്ച AI അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഈ മെഗാ പദ്ധതി നേടാൻ കെൽട്രോണിന് കരുത്തായത്. അതുപോലെ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ്, ടെക്നോളജി ബേസ്ഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് മേഖലയിലെ ഒട്ടനവധി വർഷത്തെ പ്രവർത്തിപരിചയവും നാഗ്പൂർ പദ്ധതി നേടാൻ കെൽട്രോണിന് മുതൽക്കൂട്ടായി.
പദ്ധതിയിലൂടെ 171 ജംഗ്ഷനുകളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്മെൻറ്, വേരിയബിൾ മെസ്സേജിങ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്മെൻറ് & അനലിറ്റിക്സ്, വെഹിക്കിൾ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങൾ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയിൽ കെൽട്രോൺ നാഗ്പൂരിൽ സ്ഥാപിക്കും. 15 മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനസജ്ജമാകും. ഇന്റഗ്രേറ്റഡ് ആൻഡ് ഇൻറലിജന്റ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങളുടെ രൂപകൽപ്പന, ഏകോപനം, ദൈനംദിന പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയും അഞ്ചുവർഷത്തേക്ക് കെൽട്രോൺ നിർവഹിക്കും.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് കേരളത്തിൽ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് പഠിക്കുന്നതിനായി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്‌ഥ സംഘം കേരളം സന്ദർശിച്ചിരുന്നു. സാങ്കേതിവിദ്യ അടിസ്ഥാനമാക്കി കേരളത്തിൽ കെൽട്രോൺ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യാന്തരശ്രദ്ധ ആകർഷിക്കുന്നുണ്ട്. സ്മാർട്ട്സിറ്റി പദ്ധതികളുമായി ഏകോപിപ്പിച്ച് നാഗ്പൂർ കോർപ്പറേഷനിൽ കെൽട്രോൺ സാധ്യമാക്കാൻ ഒരുങ്ങുന്ന ഈ ഇൻറലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സമാനമായ ഓർഡറുകൾ ലഭിക്കാൻ സഹായകമാകും. തിരുവനന്തപുരം മൺവിളയിൽ ഉള്ള കെൽട്രോൺ ട്രാഫിക് സിഗ്നൽ ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ നിന്ന് മാത്രം 250 കോടി രൂപയുടെ ഓർഡർ ഇന്ന് കെൽട്രോണിന്റെ പക്കലുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൽ ലോഗ്, അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഫ്ലൈറ്റ് ഡെക്കിലേക്കുള്ള ട്രാഫിക് ലൈറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ കെൽട്രോണിന്റെയാണ്. സമുദ്രത്തിനടിയിൽ അന്തർവാഹിനികളെ തിരിച്ചറിയുന്നതിനായി NPOL ൻറെ രൂപകല്പനയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വേരിയബിൾ ഡെപ്ത്ത് ടോവ്ഡ് അറെ സംവിധാനത്തിലും കെൽട്രോണിന്റെ കയ്യൊപ്പുണ്ട്. ചെറിയ ഓർഡറുകളിൽ നിന്നും തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട ഡിഫൻസ് പദ്ധതികളിൽ ഭാഗമാകുകയാണ് ഇന്ന് കെൽട്രോൺ.
കെൽട്രോൺ യൂണിറ്റുകളായ കെൽട്രോൺ കൺട്രോൾസ് അരൂരിലും, കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സ് തിരുവനന്തപുരത്തും, ഉപകമ്പനിയായ കുറ്റിപ്പുറത്തുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലുമാണ് ഡിഫൻസ് ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ നടക്കുന്നത്. രാജ്യത്ത് തന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളായ NPOL, NSTL, C-DAC തുടങ്ങിയവയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി BEL, BDL, HSL എന്നീ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് നാവിക പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലൂടെ തദ്ദേശീയ വ്യാവസായിക നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി കേരളത്തിൽ കെൽട്രോൺ പൂർത്തീകരിക്കുന്നുണ്ട്.
2017 മുതൽ ഈ വർഷം വരെ ഏകദേശം 29.46 കോടി രൂപ കെൽട്രോണിന് പ്ലാൻ ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ബഡ്ജറ്റിൽ 19 കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകുകയും ചെയ്തു. NABL Accreditation ഉള്ള ‘ഇലക്ട്രോണിക്സ് ടെസ്റ്റിംഗ് ഫെസിലിറ്റി’ സ്ഥാപിക്കുന്നതിന് പൈലറ്റ് പ്രോജക്ട് ആയി 2024-25 ബജറ്റിൽ 20 കോടി രൂപ കൂടി കേരള സർക്കാർ കെൽട്രോണിനു അനുവദിച്ചിട്ടുണ്ട്. കെൽട്രോൺ കൺട്രോൾസ് അരൂർ ക്യാമ്പസ് ഫെസിലിറ്റിയിൽ ഇത് സ്ഥാപിച്ച് പ്രവർത്തനം തുടുങ്ങുന്നതിനായ് കെൽട്രോൺ സമർപ്പിച്ച വിശദമായ പദ്ധതി രൂപരേഖ പരിഗണനയിലാണ്.
കേരളത്തിൽ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കെൽട്രോൺ. 2025ൽ ആയിരം കോടി വിറ്റുവരവും 2030ൽ 2000 കോടിയുടെ വിറ്റുവരവുമാണ് കെൽട്രോൺ വിഭാവനം ചെയ്യുന്നത്. വിശാഖപട്ടണം നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറിയിൽ നിന്നും ഫ്ലൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, NPOL രൂപകൽപ്പന നിർവഹിച്ച ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ Autonomous Underwater Vessel നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നതിനായി റെക്സി മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും, ബോ ആൻഡ് ഫ്ലാങ്ക് അറേ നിർമ്മിക്കുന്നതിനും ഉള്ള ഓർഡറുകളാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.
ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ 25 വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കെൽട്രോൺ നാവികസേനയ്ക്ക് വേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകിവരുന്നുണ്ട്. എൻപിഒഎൽ-ൻറെയും എൻ എസ് ടി എൽ – ൻറെയും സി-ഡാക്കിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ – ടോവ്ഡ് അറെ സിസ്റ്റം, സോണാർ അറെ, ഡിസ്ട്രസ് സോണാർ, എക്കോ സൗണ്ടർ, കാൽവിറ്റേഷൻ മീറ്റർ, ഇ എം ലോഗ്, അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ നാവികസേന രാജ്യത്തിനകത്തും പുറത്തും നിർമ്മിക്കുന്ന എല്ലാ കപ്പലുകളിലും അന്തർവാഹിനികളിലും കെൽട്രോണിന്റെ 3 സുപ്രധാന ഉപകരണങ്ങൾ – Eco Sounder, EM log, Underwater Communication Systems – ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *